Mar 25, 2025 11:05 AM
പത്തനംതിട്ട: ദേശീയ സേവാഭാരതി, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയായ \"സാന്ത്വന സ്പർശം\" കോന്നി ശബരിബാലികാസദനത്തിൽ ആദരണീയനായ കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു, നിസ്വാർത്ഥമായ സേവനത്തിലൂടെ രാഷ്ട്ര നിർമ്മാണം നടത്തുന്ന സേവാഭാരതിക്കൊപ്പമാണ് രാജ്ഭവനെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗവർണ്ണർ രാജേന്ദ്രൻ വിശ്വനാഥ് അർലേക്കർ. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്ക്യുപ്പേഷണൽ തെറാപ്പി തുടങ്ങിയ സേവനങ്ങൾ ഗ്രാമീണ മേഖലകളിൽ ലഭ്യമാക്കുക എന്നതാണ് സേവാഭാരതി സാന്ത്വന സ്പർശം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഓട്ടിസം ആൻഡ് സെറിബ്രൽ പാൾസി ബാധിതരായ കുട്ടികൾക്കും ഫിസിയോതെറാപ്പി ആവശ്യമുള്ള മറ്റ് രോഗികൾക്കുമുള്ള കേരളത്തിലെ മൂന്നാമത്തെത്തും പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ കേന്ദ്രവുമാണ് ഗവർണർ ഉദ്ഘാടനം ചെയ്തത് .
ചടങ്ങിൽ സേവാഭാരതി ജില്ല അദ്ധ്യക്ഷൻ അഡ്വ. ബി അശോക് കുമാർ അധ്യക്ഷത വഹിച്ചു, പത്തനംതിട്ടയിലെ രണ്ടാമത്തെ കേന്ദ്രം ഇരവിപേരൂർ പഞ്ചായത്തിലെ നല്ലാട് ആരംഭിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീറാംശങ്കർ പദ്ധതിയെയും അതിന്റെ പ്രവർത്തനത്തിനെ പറ്റിയും വിശദീകരിച്ചു. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ജോർജ് സ്ലീബ യോഗത്തിൽ സംസാരിച്ചു, സേവാഭാരതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന വിവിധ പദ്ധതികളെപ്പറ്റി അദ്ദേഹം സംസാരിച്ചു. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ എസ് എം വിനോദ്, സാക്ഷമ ജില്ല സെക്രട്ടറി സി എസ് ശ്രീകുമാർ, ശബരി ബാലിക സദനം സെക്രട്ടറി സി സുരേഷ് കുമാർ, കോന്നി പഞ്ചായത്ത് അംഗം ശ്രീ സി എസ് സോമൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.